ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

പുതു കേരളത്തിനായി അണിചേരുക: പരിഷത്ത്








പാലക്കാട്: പുതിയ കേരളത്തിന്റെ നിര്‍മിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന ആഹ്വാനത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് 48-ാം സംസ്ഥാനസമ്മേളനം സമാപിച്ചു. ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി, ശാസ്ത്രബോധം തുടങ്ങിയ മൂല്യങ്ങളിലുണ്ടാകുന്ന അപചയങ്ങള്‍ പ്രതിരോധിക്കണം. മലയാളഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളം പ്രക്ഷോഭങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ ഛിദ്രശക്തികളും ഭൂ-മദ്യ മാഫിയകളും ചേര്‍ന്ന് അട്ടിമറിക്കുകയാണ്. കമ്പോളയുക്തിയില്‍ ഊന്നുന്ന മധ്യവര്‍ഗ താല്‍പ്പര്യങ്ങളാണ് കേരളത്തില്‍ വളര്‍ന്നുവരുന്നത്. ഇവയ്ക്കിടയില്‍ നമ്മുടെ സംസ്കാരവും മലയാളവും നഷ്ടപ്പെടുന്നത് നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്മേളനം രൂപം നല്‍കി. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്‍ഷികദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ സമതാ സര്‍ഗസായാഹ്നങ്ങള്‍ സംഘടിപ്പിക്കുമെന്ന് പരിഷത്ത് ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍, പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് മദ്യാസക്തിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. അന്താരാഷ്ട്ര രസതന്ത്ര-വന വര്‍ഷാചരണത്തോടനുബന്ധിച്ച് ഗ്രാമതലങ്ങളില്‍ ശാസ്ത്ര ക്ളാസുകളും ജൈവവൈവിധ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. മാതൃഭാഷ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്റെ ഭാഗമായി മലയാളശൈലി മാര്‍ഗരേഖ തയ്യാറാക്കും. മലയാള മഹാസമ്മേളനം സംഘടിപ്പിച്ച് രേഖ പ്രകാശനം ചെയ്യും. ജനകീയാരോഗ്യനയം രൂപീകരിക്കുന്നതിന് ആരംഭിച്ച ജനകീയാരോഗ്യകമീഷന്‍ പ്രവര്‍ത്തനം ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. ആര്‍ വി ജി മേനോന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ടി പി കുഞ്ഞിക്കണ്ണന്‍, കെ ശ്രീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 


(ജനശക്തി ന്യൂസില്‍ നിന്ന് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ