ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012, നവംബർ 16, വെള്ളിയാഴ്‌ച

കുടിനീർ സംരക്ഷണ ജാഥ നടത്തി










         കുടിവെള്ളം വില്പനച്ചരക്കാക്കുന്ന, പൊതുജലവിതരണ പദ്ധതിയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയുള്ള ജലനിധി പദ്ധതിയിൽ നിന്ന് കുലശേഖരപുരം പഞ്ചായത്ത് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുടിനീർ സംരക്ഷണ ജാഥ” നടത്തി. രാവിലെ 9 മണിക്ക് കുഴിവേലിൽ മുക്കിൽ നിന്നാരംഭിച്ച ജാഥ പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിൽ വിശദീകരണയോഗങ്ങൾ നടത്തി കൊച്ചാലുമ്മൂട്ടിൽ സമാപിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പരിസ്ഥിതി കമ്മിറ്റി കൺ‌വീനർ ജോജി കൂട്ടുമ്മൽ ജാഥ ഉത്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക കമ്മിറ്റി അംഗം കെ.വി.വിജയൻ, കൊല്ലം ജില്ലാ ട്രഷറർ പി.എസ്.സാനു, എൻ.സുരേന്ദ്രൻ,  വിനയൻ.വി, ആലുമ്പീടിക സുകുമാരൻ, സി.ആർ.ലാൽ, എം.അനിൽ, എസ്.ശ്രീകുമാർ തുടങ്ങിയവർ വിവിധ വേദികളിൽ ജലനിധി പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. വനിതകളടക്കം അൻപതോളം പേർ ജാഥയിൽ പങ്കെടുത്തു.        

2012, നവംബർ 14, ബുധനാഴ്‌ച

കുടിവെള്ള സംരക്ഷണ ജാഥ നവംബർ 16ന്

           കൊല്ലം ജില്ലയിലെ      കുലശേഖരപുരം പഞ്ചായത്ത്  ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലയുടെ ആഭിമുഖ്യത്തിൽ 2012 നവംബർ 16 ന് കുലശേഖരപുരം പഞ്ചായത്തിലൂടെ വാഹനജാഥ നടത്തുന്നു.   രാവിലെ 9 മണിക്ക് ആരംഭിക്കും. 

ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറുക


കുലശേഖരപുരം പഞ്ചായത്ത് ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറുക
            ലോകബാങ്ക് സഹായത്തോടെ നടപ്പാക്കാ‍ൻ തീരുമാനിച്ച “ജലനിധി” എന്ന കുടിവെള്ള പദ്ധതി ഒട്ടേറെ പ്രശ്നങ്ങൾ ഉയർത്തുന്നതാണ്. കുലശേഖരപുരത്തിന്റെ സവിശേഷ സാഹചര്യങ്ങളും ഇവിടുത്തെ കുടിവെള്ള വിതരണത്തിന്റെ മുൻ അനുഭവങ്ങളും വേണ്ടവണ്ണം പഠിക്കാതെയാണ് ജലനിധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി അതിന്റെ ലക്ഷ്യം നിർവ്വഹിക്കില്ലെന്ന് മാത്രമല്ല ഭാവിയിൽ ഗുരുതരമായ കുടിവെള്ള പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണ് പരിഷത്ത് നടത്തിയ പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. ആ വസ്തുതകൾ കുലശേഖരപുരം പഞ്ചായത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇപ്പോൾ നമ്മുടെ പഞ്ചായത്തിൽ ജലവിതരണ ചുമതല കേരള വാട്ടർ അതോറിറ്റിക്കാണ്. ഒരു പൊതുമേഖലാ സ്ഥാപനമായ കേരള വാട്ടർ അതോറിറ്റി കുലശേഖരപുരത്ത് മൂവായിരത്തോളം കുടുംബങ്ങൾക്കും 460 പൊതുടാപ്പുകളിലൂടെയും ജലവിതരണം നടത്തിവരുന്നു. വാട്ടർ അതോറിറ്റിയെ പുറത്താക്കി പകരം ജലനിധി പദ്ധതി നടപ്പാക്കുമ്പോൾ ഉയർന്നുവന്ന  പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു.

പ്രശ്നം 1: കുലശേഖരപുരം പഞ്ചായത്തിനെ സ്വാശ്രയ കുടിവെള്ള പഞ്ചായത്ത് ആക്കുവാനാണ് ജലനിധി പദ്ധതി നടപ്പാക്കുന്നത് എന്നാണ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്മെന്റ്  (CARD)  എന്ന സംഘടന അവരുടെ രേഖയിൽ പറയുന്നത്. അതിനവർ കണ്ടെത്തുന്ന ജലസ്രോതസ് കുലശേഖരപുരത്തെ ഭൂഗർഭജലമാണ്.
വസ്തുത: കഴിഞ്ഞ കുറെ വർഷങ്ങളായി കുലശേഖരപുരത്തെ ഭൂഗർഭജലത്തിന്റെ തോത് നന്നേ കുറഞ്ഞ് വരികയാണ്. ഇവിടുത്തെ മണ്ണിന്റെ ദുർബലമായ ഘടനയും മറ്റും കുഴൽ കിണറുകൾക്ക് വേണ്ടത്ര യോജിച്ചതല്ല. വാട്ടർ അതോറിറ്റി ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 10 കുഴൽ കിണറുകൾ കുഴിച്ചപ്പോൾ അതിൽ ഏഴെണ്ണവും തകരുകയും ഒരെണ്ണം ഭാഗികമായി ഉപയോഗപ്പെടുകയുമാണ് ഉണ്ടായത്. അപ്പോൾ ഇല്ലാത്ത ഭൂഗർഭജലം കുഴൽകിണർ വഴിയെടുത്ത് പഞ്ചായത്തിലെ ജലവിതരണം പൂർണ്ണമാക്കും എന്ന് പറയുന്നത് തീർത്തും അശാസ്ത്രീയമാണ്. അതൊരു ദിവാസ്വപ്നം മാത്രമാണ്.
          മറ്റൊന്ന് തീരദേശ പഞ്ചായത്ത് എന്ന നിലയിൽ ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം കടലിൽ നിന്നുള്ള ഉപ്പ് വെള്ളം കൂടുതൽ കിഴക്കോട്ട് വ്യാപിച്ച് അവശേഷിക്കുന്ന കുഴൽകിണറും ഉപയോഗശൂന്യമാകും എന്നതാണ്. ഇപ്പോൾ തന്നെ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. തീരദേശ വാർഡുകളിൽ ഉപ്പുവെള്ളം ഒരു കിലോമീറ്റർ ഉള്ളിലേക്ക് കയറിയിട്ടുണ്ട്. കൂടാതെ കുഴൽകിണറുകൾ വഴി കൂടുതൽ വെള്ളം ഊറ്റി എടുക്കുന്നത് സമീപപ്രദേശങ്ങളിലെ കിണറുകളിൽ ജലലഭ്യതെ കുറയാനും ഇടയാക്കും.

പ്രശ്നം 2: ജലനിധി പദ്ധതിയുടെ നിർവ്വഹണ ഏജൻസി() യുമായി കുലശേഖരപുരം പഞ്ചായത്ത് ഉണ്ടാക്കിയ കരാറിൽ വാട്ടർ അതോറിറ്റി പിന്മാറുമ്പോൾ നിലവിലുള്ള ഉപഭോക്താക്കളെ ജലനിധി പദ്ധതിയിലേക്ക് പുനരധിവാസം നടത്തണമെന്നാണ്.
വസ്തുത: വാട്ടർ അതോറിറ്റിയെ ഒഴിവാക്കി ജലനിധി കമ്മിറ്റികൾ (ബെനിഫിഷറി    കമ്മിറ്റി) പുതിയ ഉടമസ്ഥരായി വരുമ്പോൾ എല്ലാ ഉപഭോക്താക്കളെയും പുതിയ അപേക്ഷകരായിട്ടാവും കണക്കാക്കുക. അതിനാൽ ഓരോരുത്തരും 2500 രൂപയ്ക്ക് മേൽ വരുന്ന തുകയടച്ച് പുതിയതായി രജിസ്റ്റർ ചെയ്യണം. എന്ന് മാത്രമല്ല ജലനിധി കമ്മിറ്റി കാലാകാലങ്ങളിൽ കൂട്ടുന്ന വെള്ളത്തിന്റെ വിലയും അറ്റകുറ്റപ്പണികൾ അടക്കമുള്ള എല്ലാ തുടർ ചെലവുകളും ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടിവരും. ചുരുക്കത്തിൽ ശുദ്ധജലവിതരണം എന്ന ചുമതലയിൽ നിന്നും സർക്കാർ പൂർണമായി പിന്മാറുകയും അത് ജനങ്ങളുടെ തലയിൽ തന്നെ വച്ച് കൊടുക്കുകയുമാണ്.

പ്രശ്നം 3: ജലനിധി കമ്മിറ്റികൾക്ക് (ഗുണഭോക്തൃകമ്മിറ്റികൾ, ബി.സി) കുടിവെള്ള വിതരണത്തിൽ ദീർഘകാല സേവനം തുടർച്ചയായി ഉറപ്പാ‍ക്കാൻ കഴിയുമോ?
വസ്തുത: ജലനിധിയുടെ ഗുണഭോക്തൃ കമ്മിറ്റികൾ അതിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും കേവല സന്നദ്ധതയിന്മേലാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് കമ്മിറ്റിയിലും പ്രവർത്തനത്തിലും നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം. ക്രമേണ ഈ കമ്മിറ്റികൾ നാഥനില്ലാക്കളരികളാകാം.
          എന്നാൽ വാട്ടർ അതോറിറ്റി ക്ലിപ്തമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ദീർഘകാല സേവനം ഉറപ്പ് വരുത്തി രൂപീകരിച്ചിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാ‍ണ്.
പ്രശ്നം 4: പൊതു വാട്ടർ ടാപ്പുകൾ നിലനിൽക്കുമോ?
വസ്തുത: ഇന്നുള്ള 460 പൊതു വാട്ടർ ടാപ്പുകളും അടച്ച്പൂട്ടും. പണമടച്ച് പ്രത്യേക കണക്ഷൻ എടുക്കാതെ ഒരു പൊതു ആവശ്യത്തിനും ജലനിധിയിൽ നിന്നും വെള്ളം ലഭിക്കില്ല. ജലനിധി കുടിവെള്ളത്തെ ഒരു വില്പന ചരക്കാക്കുകയാണ്.

പ്രശ്നം 5: ജലനിധി വന്നു കഴിഞ്ഞാൽ തുടർ ചെലവുകൾ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും എടുക്കാൻ കഴിയുമോ?
വസ്തുത: ജലനിധി പദ്ധതി നിലവിൽ വന്നാൽ ജലവിതരണത്തിൽ പഞ്ചായത്തിന്റെയും സർക്കാരിന്റെയും സാമ്പത്തിക ചുമതല അവസാനിക്കുകയാണ്. തന്മൂലം പ്ലാൻ ഫണ്ടിൽ നിന്നും കുടിവെള്ള വിതരണത്തിന് പണമെടുക്കാൻ നിയമപരമായി കഴിയില്ല. പദ്ധതിയുടെ തുടക്കത്തിൽ ലഭിക്കുന്ന ഗ്രാന്റ് കഴിച്ചാൽ പിന്നീടുള്ള എല്ലാ ചെലവുകളും അതായത് ഓപ്പറേറ്റിംഗ് ചാർജ്, കറണ്ട് ചാർജ്, അറ്റകുറ്റപ്പണികൾ (ലക്ഷങ്ങൾ വേണ്ടിവരും) മുതലായവ ഉപഭോക്താക്കൾ തന്നെ വഹിക്കണം. ചുരുക്കത്തിൽ കുടിവെള്ള പദ്ധതിക്ക് ധനസഹായം എന്ന വ്യാമോഹം സൃഷ്ടിച്ച് അതിജീവനത്തിനുള്ള പ്രാഥമിക ഉപാധിയായ ജലം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്തത്തിൽ നിന്ന് ഗവണ്മെന്റും പഞ്ചായത്തും പിൻ‌വാങ്ങുകയാണ് ചെയ്യുന്നത്.
          ഫലത്തിൽ ജലവിതരണം പൂർണ്ണമായും സ്വകാര്യവത്കരിക്കുകയാണ്. വെള്ളം വേണ്ടവർ അതിന്റെ വിലയും  അനുബന്ധ ചെലവുകളും വഹിച്ചുകൊള്ളണം. ഇത് സത്യത്തിൽ ജനങ്ങളെ ചതിക്കുഴിയിൽ പെടുത്തലാണ്.
നമുക്ക് വേണ്ടത്.    
         
കുലശേഖരപുരത്തെ ജലവിതരണം വാട്ടർ അതോറിറ്റി വഴി തന്നെ നടക്കണം. ഇന്നുള്ള പോരായ്മകൾ പരിഹരിക്കണം. അച്ചൻ‌കോവിലാറിൽ നിന്നും ഓച്ചിറ ശുദ്ധജല പദ്ധതി വഴി കൂടുതൽ ജലം കണ്ടെത്തി ജലവിതരണം  ഫലപ്രദമാക്കണം. ഭൂഗർഭജലത്തിന്റെ ചൂഷണം ക്രമേണ കുറയ്ക്കണം. ഒരു പൊതുമേഖലാ സ്ഥാപനമായ കേരളാ വാട്ടർ അതോറിറ്റിയെ പഞ്ചായത്തിൽ നിലനിർത്തി കൂടുതൽ കാര്യക്ഷമമാക്കണം. കുടിവെള്ളം നമ്മുടെ ജന്മാവകാശമാണ്. അത് ലഭ്യമാക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ട്. ആ ചുമതല കയ്യൊഴിയുന്നത് ചതിയാണ്. ഉത്തരവാദത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.  ജലനിധി പദ്ധതിയിൽ അടങ്ങിയിരിക്കുന്ന ഈ ചതിക്കുഴി തിരിച്ചറിയുക. ഈ വിഷയം കക്ഷിരാഷ്ട്രീയത്തിനതീതമായ സംവാദത്തിന് വിധേയമാക്കുക. പ്രതിരോധം രൂപപ്പെടുത്തുക. ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറുക.

അഭിവാദനങ്ങളോടെ

എം.അനിൽ(പ്രസിഡന്റ്, ഓച്ചിറ മേഖല) 9446851550     
എസ്.ശ്രീകുമാർ(സെക്രട്ടറി, ഓച്ചിറ മേഖല) 9446591391
കെ.യശോധരൻ ( ചെയർമാൻ, വിഷയസമിതി)9349585017
വിനയൻ.വി (കൺ‌വീനർ, വിഷയസമിതി) 9746065471