ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2012 നവംബർ 16, വെള്ളിയാഴ്‌ച

കുടിനീർ സംരക്ഷണ ജാഥ നടത്തി










         കുടിവെള്ളം വില്പനച്ചരക്കാക്കുന്ന, പൊതുജലവിതരണ പദ്ധതിയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയുള്ള ജലനിധി പദ്ധതിയിൽ നിന്ന് കുലശേഖരപുരം പഞ്ചായത്ത് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുടിനീർ സംരക്ഷണ ജാഥ” നടത്തി. രാവിലെ 9 മണിക്ക് കുഴിവേലിൽ മുക്കിൽ നിന്നാരംഭിച്ച ജാഥ പഞ്ചായത്തിലെ 16 കേന്ദ്രങ്ങളിൽ വിശദീകരണയോഗങ്ങൾ നടത്തി കൊച്ചാലുമ്മൂട്ടിൽ സമാപിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പരിസ്ഥിതി കമ്മിറ്റി കൺ‌വീനർ ജോജി കൂട്ടുമ്മൽ ജാഥ ഉത്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക കമ്മിറ്റി അംഗം കെ.വി.വിജയൻ, കൊല്ലം ജില്ലാ ട്രഷറർ പി.എസ്.സാനു, എൻ.സുരേന്ദ്രൻ,  വിനയൻ.വി, ആലുമ്പീടിക സുകുമാരൻ, സി.ആർ.ലാൽ, എം.അനിൽ, എസ്.ശ്രീകുമാർ തുടങ്ങിയവർ വിവിധ വേദികളിൽ ജലനിധി പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. വനിതകളടക്കം അൻപതോളം പേർ ജാഥയിൽ പങ്കെടുത്തു.        

2012 നവംബർ 14, ബുധനാഴ്‌ച

കുടിവെള്ള സംരക്ഷണ ജാഥ നവംബർ 16ന്

           കൊല്ലം ജില്ലയിലെ      കുലശേഖരപുരം പഞ്ചായത്ത്  ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലയുടെ ആഭിമുഖ്യത്തിൽ 2012 നവംബർ 16 ന് കുലശേഖരപുരം പഞ്ചായത്തിലൂടെ വാഹനജാഥ നടത്തുന്നു.   രാവിലെ 9 മണിക്ക് ആരംഭിക്കും. 

ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറുക


കുലശേഖരപുരം പഞ്ചായത്ത് ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറുക
            ലോകബാങ്ക് സഹായത്തോടെ നടപ്പാക്കാ‍ൻ തീരുമാനിച്ച “ജലനിധി” എന്ന കുടിവെള്ള പദ്ധതി ഒട്ടേറെ പ്രശ്നങ്ങൾ ഉയർത്തുന്നതാണ്. കുലശേഖരപുരത്തിന്റെ സവിശേഷ സാഹചര്യങ്ങളും ഇവിടുത്തെ കുടിവെള്ള വിതരണത്തിന്റെ മുൻ അനുഭവങ്ങളും വേണ്ടവണ്ണം പഠിക്കാതെയാണ് ജലനിധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി അതിന്റെ ലക്ഷ്യം നിർവ്വഹിക്കില്ലെന്ന് മാത്രമല്ല ഭാവിയിൽ ഗുരുതരമായ കുടിവെള്ള പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണ് പരിഷത്ത് നടത്തിയ പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. ആ വസ്തുതകൾ കുലശേഖരപുരം പഞ്ചായത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇപ്പോൾ നമ്മുടെ പഞ്ചായത്തിൽ ജലവിതരണ ചുമതല കേരള വാട്ടർ അതോറിറ്റിക്കാണ്. ഒരു പൊതുമേഖലാ സ്ഥാപനമായ കേരള വാട്ടർ അതോറിറ്റി കുലശേഖരപുരത്ത് മൂവായിരത്തോളം കുടുംബങ്ങൾക്കും 460 പൊതുടാപ്പുകളിലൂടെയും ജലവിതരണം നടത്തിവരുന്നു. വാട്ടർ അതോറിറ്റിയെ പുറത്താക്കി പകരം ജലനിധി പദ്ധതി നടപ്പാക്കുമ്പോൾ ഉയർന്നുവന്ന  പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു.

പ്രശ്നം 1: കുലശേഖരപുരം പഞ്ചായത്തിനെ സ്വാശ്രയ കുടിവെള്ള പഞ്ചായത്ത് ആക്കുവാനാണ് ജലനിധി പദ്ധതി നടപ്പാക്കുന്നത് എന്നാണ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്മെന്റ്  (CARD)  എന്ന സംഘടന അവരുടെ രേഖയിൽ പറയുന്നത്. അതിനവർ കണ്ടെത്തുന്ന ജലസ്രോതസ് കുലശേഖരപുരത്തെ ഭൂഗർഭജലമാണ്.
വസ്തുത: കഴിഞ്ഞ കുറെ വർഷങ്ങളായി കുലശേഖരപുരത്തെ ഭൂഗർഭജലത്തിന്റെ തോത് നന്നേ കുറഞ്ഞ് വരികയാണ്. ഇവിടുത്തെ മണ്ണിന്റെ ദുർബലമായ ഘടനയും മറ്റും കുഴൽ കിണറുകൾക്ക് വേണ്ടത്ര യോജിച്ചതല്ല. വാട്ടർ അതോറിറ്റി ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 10 കുഴൽ കിണറുകൾ കുഴിച്ചപ്പോൾ അതിൽ ഏഴെണ്ണവും തകരുകയും ഒരെണ്ണം ഭാഗികമായി ഉപയോഗപ്പെടുകയുമാണ് ഉണ്ടായത്. അപ്പോൾ ഇല്ലാത്ത ഭൂഗർഭജലം കുഴൽകിണർ വഴിയെടുത്ത് പഞ്ചായത്തിലെ ജലവിതരണം പൂർണ്ണമാക്കും എന്ന് പറയുന്നത് തീർത്തും അശാസ്ത്രീയമാണ്. അതൊരു ദിവാസ്വപ്നം മാത്രമാണ്.
          മറ്റൊന്ന് തീരദേശ പഞ്ചായത്ത് എന്ന നിലയിൽ ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം കടലിൽ നിന്നുള്ള ഉപ്പ് വെള്ളം കൂടുതൽ കിഴക്കോട്ട് വ്യാപിച്ച് അവശേഷിക്കുന്ന കുഴൽകിണറും ഉപയോഗശൂന്യമാകും എന്നതാണ്. ഇപ്പോൾ തന്നെ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. തീരദേശ വാർഡുകളിൽ ഉപ്പുവെള്ളം ഒരു കിലോമീറ്റർ ഉള്ളിലേക്ക് കയറിയിട്ടുണ്ട്. കൂടാതെ കുഴൽകിണറുകൾ വഴി കൂടുതൽ വെള്ളം ഊറ്റി എടുക്കുന്നത് സമീപപ്രദേശങ്ങളിലെ കിണറുകളിൽ ജലലഭ്യതെ കുറയാനും ഇടയാക്കും.

പ്രശ്നം 2: ജലനിധി പദ്ധതിയുടെ നിർവ്വഹണ ഏജൻസി() യുമായി കുലശേഖരപുരം പഞ്ചായത്ത് ഉണ്ടാക്കിയ കരാറിൽ വാട്ടർ അതോറിറ്റി പിന്മാറുമ്പോൾ നിലവിലുള്ള ഉപഭോക്താക്കളെ ജലനിധി പദ്ധതിയിലേക്ക് പുനരധിവാസം നടത്തണമെന്നാണ്.
വസ്തുത: വാട്ടർ അതോറിറ്റിയെ ഒഴിവാക്കി ജലനിധി കമ്മിറ്റികൾ (ബെനിഫിഷറി    കമ്മിറ്റി) പുതിയ ഉടമസ്ഥരായി വരുമ്പോൾ എല്ലാ ഉപഭോക്താക്കളെയും പുതിയ അപേക്ഷകരായിട്ടാവും കണക്കാക്കുക. അതിനാൽ ഓരോരുത്തരും 2500 രൂപയ്ക്ക് മേൽ വരുന്ന തുകയടച്ച് പുതിയതായി രജിസ്റ്റർ ചെയ്യണം. എന്ന് മാത്രമല്ല ജലനിധി കമ്മിറ്റി കാലാകാലങ്ങളിൽ കൂട്ടുന്ന വെള്ളത്തിന്റെ വിലയും അറ്റകുറ്റപ്പണികൾ അടക്കമുള്ള എല്ലാ തുടർ ചെലവുകളും ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടിവരും. ചുരുക്കത്തിൽ ശുദ്ധജലവിതരണം എന്ന ചുമതലയിൽ നിന്നും സർക്കാർ പൂർണമായി പിന്മാറുകയും അത് ജനങ്ങളുടെ തലയിൽ തന്നെ വച്ച് കൊടുക്കുകയുമാണ്.

പ്രശ്നം 3: ജലനിധി കമ്മിറ്റികൾക്ക് (ഗുണഭോക്തൃകമ്മിറ്റികൾ, ബി.സി) കുടിവെള്ള വിതരണത്തിൽ ദീർഘകാല സേവനം തുടർച്ചയായി ഉറപ്പാ‍ക്കാൻ കഴിയുമോ?
വസ്തുത: ജലനിധിയുടെ ഗുണഭോക്തൃ കമ്മിറ്റികൾ അതിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും കേവല സന്നദ്ധതയിന്മേലാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് കമ്മിറ്റിയിലും പ്രവർത്തനത്തിലും നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം. ക്രമേണ ഈ കമ്മിറ്റികൾ നാഥനില്ലാക്കളരികളാകാം.
          എന്നാൽ വാട്ടർ അതോറിറ്റി ക്ലിപ്തമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ദീർഘകാല സേവനം ഉറപ്പ് വരുത്തി രൂപീകരിച്ചിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാ‍ണ്.
പ്രശ്നം 4: പൊതു വാട്ടർ ടാപ്പുകൾ നിലനിൽക്കുമോ?
വസ്തുത: ഇന്നുള്ള 460 പൊതു വാട്ടർ ടാപ്പുകളും അടച്ച്പൂട്ടും. പണമടച്ച് പ്രത്യേക കണക്ഷൻ എടുക്കാതെ ഒരു പൊതു ആവശ്യത്തിനും ജലനിധിയിൽ നിന്നും വെള്ളം ലഭിക്കില്ല. ജലനിധി കുടിവെള്ളത്തെ ഒരു വില്പന ചരക്കാക്കുകയാണ്.

പ്രശ്നം 5: ജലനിധി വന്നു കഴിഞ്ഞാൽ തുടർ ചെലവുകൾ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും എടുക്കാൻ കഴിയുമോ?
വസ്തുത: ജലനിധി പദ്ധതി നിലവിൽ വന്നാൽ ജലവിതരണത്തിൽ പഞ്ചായത്തിന്റെയും സർക്കാരിന്റെയും സാമ്പത്തിക ചുമതല അവസാനിക്കുകയാണ്. തന്മൂലം പ്ലാൻ ഫണ്ടിൽ നിന്നും കുടിവെള്ള വിതരണത്തിന് പണമെടുക്കാൻ നിയമപരമായി കഴിയില്ല. പദ്ധതിയുടെ തുടക്കത്തിൽ ലഭിക്കുന്ന ഗ്രാന്റ് കഴിച്ചാൽ പിന്നീടുള്ള എല്ലാ ചെലവുകളും അതായത് ഓപ്പറേറ്റിംഗ് ചാർജ്, കറണ്ട് ചാർജ്, അറ്റകുറ്റപ്പണികൾ (ലക്ഷങ്ങൾ വേണ്ടിവരും) മുതലായവ ഉപഭോക്താക്കൾ തന്നെ വഹിക്കണം. ചുരുക്കത്തിൽ കുടിവെള്ള പദ്ധതിക്ക് ധനസഹായം എന്ന വ്യാമോഹം സൃഷ്ടിച്ച് അതിജീവനത്തിനുള്ള പ്രാഥമിക ഉപാധിയായ ജലം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്തത്തിൽ നിന്ന് ഗവണ്മെന്റും പഞ്ചായത്തും പിൻ‌വാങ്ങുകയാണ് ചെയ്യുന്നത്.
          ഫലത്തിൽ ജലവിതരണം പൂർണ്ണമായും സ്വകാര്യവത്കരിക്കുകയാണ്. വെള്ളം വേണ്ടവർ അതിന്റെ വിലയും  അനുബന്ധ ചെലവുകളും വഹിച്ചുകൊള്ളണം. ഇത് സത്യത്തിൽ ജനങ്ങളെ ചതിക്കുഴിയിൽ പെടുത്തലാണ്.
നമുക്ക് വേണ്ടത്.    
         
കുലശേഖരപുരത്തെ ജലവിതരണം വാട്ടർ അതോറിറ്റി വഴി തന്നെ നടക്കണം. ഇന്നുള്ള പോരായ്മകൾ പരിഹരിക്കണം. അച്ചൻ‌കോവിലാറിൽ നിന്നും ഓച്ചിറ ശുദ്ധജല പദ്ധതി വഴി കൂടുതൽ ജലം കണ്ടെത്തി ജലവിതരണം  ഫലപ്രദമാക്കണം. ഭൂഗർഭജലത്തിന്റെ ചൂഷണം ക്രമേണ കുറയ്ക്കണം. ഒരു പൊതുമേഖലാ സ്ഥാപനമായ കേരളാ വാട്ടർ അതോറിറ്റിയെ പഞ്ചായത്തിൽ നിലനിർത്തി കൂടുതൽ കാര്യക്ഷമമാക്കണം. കുടിവെള്ളം നമ്മുടെ ജന്മാവകാശമാണ്. അത് ലഭ്യമാക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ട്. ആ ചുമതല കയ്യൊഴിയുന്നത് ചതിയാണ്. ഉത്തരവാദത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.  ജലനിധി പദ്ധതിയിൽ അടങ്ങിയിരിക്കുന്ന ഈ ചതിക്കുഴി തിരിച്ചറിയുക. ഈ വിഷയം കക്ഷിരാഷ്ട്രീയത്തിനതീതമായ സംവാദത്തിന് വിധേയമാക്കുക. പ്രതിരോധം രൂപപ്പെടുത്തുക. ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറുക.

അഭിവാദനങ്ങളോടെ

എം.അനിൽ(പ്രസിഡന്റ്, ഓച്ചിറ മേഖല) 9446851550     
എസ്.ശ്രീകുമാർ(സെക്രട്ടറി, ഓച്ചിറ മേഖല) 9446591391
കെ.യശോധരൻ ( ചെയർമാൻ, വിഷയസമിതി)9349585017
വിനയൻ.വി (കൺ‌വീനർ, വിഷയസമിതി) 9746065471


2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി നടപ്പാക്കരുത്


കുലശേഖരപുരം പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്  2012 ഒക്ടോബർ 25ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖല പ്രവർത്തകർ കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ്റിന്  നിവേദനം നൽകി.
            പഞ്ചായത്തിലെ മിക്കവാറും എല്ലാ വീടുകളിലും കിണറുകളുണ്ട്. വേനൽക്കാലത്ത് പോലും സാധാരണയായി  ജലദൌർലഭ്യം ഉണ്ടാകാറില്ല. കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ള വീടുകളും പഞ്ചായത്തിൽ ഉണ്ട്. കൂടാതെ 460 പൊതുടാപ്പുകളും പഞ്ചായത്തിൽ ഉണ്ട്. ജലനിധി പദ്ധതി നടപ്പിൽ വരുന്നതോടുകൂടി കേരള വാട്ടർ അഥോറിറ്റിയെ  കുലശേഖരപുരം പഞ്ചായത്തിൽ നിന്ന് പൂർണമായി ഒഴിവാക്കേണ്ടി വരും. പൊതുടാപ്പുകൾ എല്ലാം അടച്ചുപൂട്ടും. നിലവിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉള്ളവർക്കും അത് ലഭ്യമല്ലാതെ വരും. ഗുണഭോക്തൃവിഹിതം നൽകി അംഗങ്ങളായവർക്ക് മാത്രമേ ജലനിധിയിൽ നിന്നും ജലം ലഭ്യമാകുകയുള്ളൂ.  ജലവിതരണത്തിനുള്ള എല്ലാ തുടർ ചെലവുകളും  ഗുണഭോക്താക്കൾ പൂർണമായും വഹിക്കേണ്ടി വരും. ജലം പൂർണമായും ഒരു കച്ചവട വസ്തുവായി മാറും എന്നതാണ് ഇത് കൊണ്ടുണ്ടാകുന്ന അവസ്ഥ. എല്ലാ അടിസ്ഥാന സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുന്നതിനുള്ള സൂചനയായി ഇതിനെ കാണാവുന്നതാണ്. കുടിവെള്ളവിതരണം പോലും സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വ്യക്തിയുടെ ബാധ്യതയായി മാറുന്നു.
            ഇത്തരമൊരു  സാഹചര്യത്തിൽ വേണ്ടത്ര പഠനം നടത്തുകയോ  ജലനിധി പദ്ധതി നടപ്പാക്കിയ സമീപ പഞ്ചായത്തായ പന്മനയിലെ അവസ്ഥ മനസ്സിലാ‍ക്കുകയോ ചെയ്യാതെ കേവലം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം ലക്ഷ്യമിട്ട് കുലശേഖരപുരം പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻ‌വലിക്കണമെന്ന് പരിഷത്ത് ഓച്ചിറ മേഖലാകമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

സ്കൂൾതല വിജ്ഞാനോത്സവം

കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ സ്കൂൾതല മത്സരങ്ങൾ 2012 ഒക്ടോബർ 11 വ്യാഴാഴ്ച നടക്കും. ഓച്ചിറ മേഖലാ പരിധിയിലുള്ള 33 വിദ്യാലയങ്ങളിൽ വിജ്ഞാനോത്സവം നടത്തുന്നുണ്ട്.

2012 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഗ്രാമം

 “വേണം മറ്റൊരു കേരളം” എന്ന പേരിൽ അതിവിപുലമായ ഒരു ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്. കേരളത്തിൽ പ്രചാരത്തിലുള്ള വികസനവും വികസന പരിപാടികളും കൊണ്ട് ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കാനാവുന്നില്ല. ഇവിടുത്തെ പ്രധാന പ്രശ്നങ്ങളായ ഉല്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയം, മാഫിയാവൽകരണം, സമ്പന്നരുടെ മാത്രം കുത്തകയാകുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ ധൂർത്ത് എന്നിവയൊക്കെ കൂടിവരികയാണ്. വിവിധ കാരണങ്ങളാൽ ജീവിത സംഘർഷങ്ങളും വർദ്ധിക്കുന്നു. കേരളത്തിലെ മണ്ണൂം മലയാളിയുടെ സംസ്കാരവും നശിച്ചുകൊണ്ടിരിക്കുകയാണ്                                                                                                    കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലാതെയായിരിക്കുന്നു. വീ‍ട്ടിലും വഴിയിലും ബസ്സിലും ട്രെയ്നിലും അവൾ ആക്രമിക്കപ്പെടുന്നു. മദ്യത്തിന്റെ ദുസ്വാധീനം സകലമേഖലകളിലും വൻ നാശം വിതക്കുന്നു. ഈ അനീതിയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ    നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 2012 ഒക്ടോബർ 6,7 തീയതികളിൽ നമ്മുടെ കുടുംബത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വിപുലമായ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു സർവേ നടത്തുന്നതും തുടർന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമാണ്.                                                                

കൂടംകുളം സമരത്തിന് പരിഷത്തിന്റെ ഐക്യദാർഡ്യം



കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, ആണവവിമുക്ത ഭാരതത്തിനായി പോരാടുക എന്ന ആഹ്വാനവുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള കൂടംകുളം ഐക്യദാർഡ്യ പ്രചരണജാഥയ്ക്ക്  ഓച്ചിറയിൽ സ്വീകരണം നൽകി. ജാഥാക്യാപ്റ്റൻ പ്രൊഫ: പി.കെ.രവീന്ദ്രനും പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനും സംസാരിച്ചു.                                                                                        ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍  സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത  പരിസ്ഥിതി ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ ഡോ.എ അച്യുതന്‍ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു .ഇന്ത്യക്ക് ആണവ  വൈദ്യതി വേണ്ടെന്നു വെച്ചാലും വികസനം ഇല്ലാതാകുന്നില്ല. ലോകതെല്ലാം ആണവ    നിലയങ്ങള്‍ അടച്ചു പൂട്ടിക്കൊന്റിരിക്കുകയാണ്. ഇന്ത്യയില്‍ കൂടം കുലതും ജൈതാപൂരിലും സമരം നടത്തുന്ന സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തിയും ആണവ നിലയം സ്ഥാപിക്കും എന്നാനു സര്‍ക്കാര്‍ പറയുന്നത്. ഈ സമരങ്ങളോടു ജനകീയ ഐക്യം പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു. ആണവ നിലയങ്ങല്ക് ചെലവഴിക്കുന്ന തുക സൌരോര്‍ജ  വികസനത്തിന്‌ ഉപയോഗിക്കണം. ഇന്നത്തെ സര്‍ക്കാര്‍ നയം ലോക ആണവ ലോബിക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ആണവ നിലയങ്ങള്‍ ക്രമേണ അടച്ചു പൂട്ടണം. കൂടം കുളം നിലയം പൂര്‍ത്തിയായെങ്കിലും കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണം. ആണവ നിലയങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തത്കാലത്തേക്ക് താപ നിലയങ്ങളുടെ ശേഷി  12 ശതമാനം വരെ വര്‍ദ്ധിപ്പിച്ചാല്‍ മതി. അതോടൊപ്പം സൌരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയും വേണം.                                                                                                                        വിവിധ ജില്ലകളിലെ 30 ഓളം കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം ജാഥ 28 ന് കൂടംകുളത്ത് സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രഭാഷണം, സംവാദം, ലഘുലേഖ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
 എ. ഐ. പി. എസ്. എന്‍. ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍, പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങളായ  വി. വിനോദ്, വി. വി. ശ്രീനിവാസന്‍, പി. വി. ദിവാകരന്‍, ടി. വി. നാരായണന്‍, എ. എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളാണ്.